ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധ സമരങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വാരണാസിയില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. രാംപുരിലും മീററ്റിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷങ്ങളില്‍ ഇതുവരെ അന്‍പത്തിയേഴ് പൊലീസുക്കാര്‍ക്ക് വെടിയേറ്റതായി ക്രമസമാധാന ചുമതലയുള്ള ഐജി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങള്‍ പടരുകയാണ്. കാണ്‍പൂരിലും രാംപൂരിലും പ്രതിഷേധസമരം അക്രമാസക്തമായി. ഒട്ടേറെ വാഹനങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയായി. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. പ്രയാഗ്രാജിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. 144 ലംഘിച്ചതിന് പതിനായിരം പേര്‍ക്കെതിരെ പ്രത്യേകം എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.
മീററ്റിലാണ് മരണങ്ങള്‍ ഏറെയും. ഫിറോസാബാദ്, കാണ്‍പൂര്‍, ബിജ്നോര്‍, സംഭാല്‍, ബുലന്ദ്ഷഹര്‍ തുടങ്ങിയ മേഖലകളിലും പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രയാഗ്രാജില്‍ നൂറ്റിയന്‍പത് പേരെ കരുതല്‍ തടങ്കലിലാക്കി. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ അതത് സ്ഥലത്തെ പൊലീസ് ഉന്നതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഡിജിപി വ്യക്തമാക്കി.
ഇതുവരെ എഴുനൂറില്‍പ്പരം പ്രതിഷേധക്കാര്‍ അറസ്റ്റിലായി. ഗോരഖ്പൂരില്‍ പ്രശ്നക്കാരായവരുടെ ചിത്രങ്ങള്‍ പൊലീസ് പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയില്‍ പ്രതിഷേധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി ചര്‍ച്ച നടത്തി. സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി.
Leave a Comment