സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ജീവന്‍രക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്‌നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്ന്. എന്നാല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ മരുന്നുപ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മടിയാണ്. പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.
മരുന്നുകുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റുമരുന്നുകളെക്കാള്‍ ആന്റിവെനത്തിന് കൂടുതലാണ്. മരുന്നിന്റെ ഗുണദോഷാനുപാതം 100:10 ആണ്. അതായത് 100 രോഗികളില്‍ ആന്റിവെനം പ്രയോഗിച്ചാല്‍ 10 പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക്.
പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാല്‍ ഡോക്ടര്‍ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നാരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരേ തിരിയും. ആശുപത്രിക്കുനേരെ അക്രമം നടക്കുന്ന സാഹചര്യമുണ്ടാവും. രോഗി ഗുരുതരാവസ്ഥയിലേക്കെത്തിയാല്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായിവരും. താലൂക്ക് ആശുപത്രികളില്‍ ഇതുലഭ്യമാകണമെന്നില്ല. ചില സ്വകാര്യ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍മാത്രമേ ആന്റിവെനം നല്‍കാന്‍ തയ്യാറാവുന്നുള്ളൂ.
വനപ്രദേശങ്ങളോടുചേര്‍ന്ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന വയനാട്ടില്‍ പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഈവര്‍ഷം 90 പേരാണ് പാമ്പുകടിയേറ്റ് ചികിത്സതേടിയത്. കഴിഞ്ഞവര്‍ഷം 136 പേരും. മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആന്റിവെനം ഉള്ളത്. കല്പറ്റ ജനറല്‍ ആശുപത്രിയിലും മരുന്നുസൂക്ഷിക്കാറുണ്ട്.
എന്നാല്‍, ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളേജിലേക്കോ രോഗികളെ റഫര്‍ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം. ഒരേസമയം, ഒന്നിലധികം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളിലെത്തിക്കുന്നത് ഗുണകരമാണ്. എട്ടോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. എന്നാല്‍, യാത്രാസമയം രോഗിയുടെ ജീവന്‍ അപഹരിക്കുമോ എന്ന് ഡോക്ടര്‍ കണക്കാക്കണം.
ബത്തേരി ആശുപത്രിയില്‍നിന്ന് ഷഹ്‌ലയെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചപ്പോള്‍ ഇതുപരിഗണിച്ചില്ല. മൂന്നുമണിക്കൂര്‍ യാത്രാസമയം അതിജീവിക്കാന്‍ സാധിക്കാത്തതരത്തില്‍ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അടിയന്തരമായി തുടങ്ങേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഷഹ്‌ലയുടെ മരണം ഓര്‍മിപ്പിക്കുന്നത്.
ANTIVENOM
Leave a Comment