ലൈംഗിക ചുവയോടെ സൈബര്‍ ആക്രമണം, വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതിയുമായി സജിത മഠത്തില്‍

വധഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ നടി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.

വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന നിലയിലുമുള്ളതായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ നേര്‍ക്ക് പൊതുസ്ഥലത്തുവെച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തില്‍ പരാതിയില്‍ പറയുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയില്‍ പറയുന്നു.

തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലിങ്കും കൈമാറിയിട്ടുണ്ട്.

pathram:
Related Post
Leave a Comment