മറ്റു രണ്ടുപേര്‍ കൂടി പിടഞ്ഞു മരിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട് മരിച്ച കേസില്‍ വിവാദമുയര്‍ന്നിരിക്കെ ഈ സാഹചര്യത്തിലാണ് കുടുംബത്തിലെ മറ്റ് രണ്ട് മരണങ്ങളില്‍ കൂടി ദുരൂഹതയെന്ന് വെളിപ്പെടുത്തലുമായി മരിച്ച സഹോദരിമാരുടെ അമ്മ രംഗത്തെത്തിയിരിക്കുന്നത്.

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന തന്റെ സഹോദരിമാരുടെ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. ‘എന്റെ ചേച്ചിയും അനിയത്തിയും പെട്ടെന്നൊരു ദിവസം രാത്രിയില്‍ തളര്‍ന്നുവീണു പിടഞ്ഞു മരിക്കുകയായിരുന്നു. പതിനൊന്നും പതിനേഴും വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണത്തിലൂടെ വിഷം ഉള്ളില്‍ച്ചെന്നു എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് ആരും അതിനു പിന്നാലെ പോയില്ല. പോയിരുന്നെങ്കില്‍ എന്റെ കുടുംബത്തോട് എന്തുമാകാമെന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാമായിരുന്നു’ -അവര് പറഞ്ഞു. ജയപ്രിയ, ശാന്തകുമാരി എന്നീ പെണ്‍കുട്ടികളാണ് അന്നു മരിച്ചത്.

‘എന്റെ മക്കള്‍ക്കു മരണമെന്തെന്ന് അറിയാനുള്ള പ്രായം പോലും ആയിരുന്നില്ല. പിന്നെ എങ്ങനെയാണ് അവര്‍ ആത്മഹത്യ ചെയ്യുക? പൊലീസ് പറയുന്നതു പോലെ അവര്‍ക്കു വലിയ മനഃപ്രയാസം ഉണ്ടെങ്കില്‍ ഞാനും അവരുടെ അച്ഛനും അറിഞ്ഞേനെ. എനിക്കുറപ്പാണ്, എന്റെ കുഞ്ഞുങ്ങളെ കൊന്നതാണ്. അന്നന്നത്തെ അപ്പത്തിനു പോലും വകയില്ലാത്ത എന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയിട്ട് ആരെന്തു നേടി? കൊന്നവരെ സംരക്ഷിക്കുന്നവരോടും അതേ ചോദിക്കാനുള്ളൂ’ -പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.

pathram:
Related Post
Leave a Comment