തിരുവന്തപുരം: പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതോടെ സംസ്ഥാനത്ത് പുതിയ ബിജെപി അധ്യക്ഷനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എടി രമേശിന്റെ പേരും ഉയരുന്നുണ്ട്.
എന്നാല്‍ ഏറെ ജനസ്വാധീനമുള്ള നെതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. അപ്രതീക്ഷിതമായി ഡല്‍ഹിയില്‍ മനോജ് തിവാരിയെ പാര്‍ട്ടി അധ്യക്ഷനായി പാര്‍ട്ടി നിയമിച്ച പോലെ കേരളത്തിലും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്.
സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് വിവരം. തൃശ്ശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം തോന്നാന്‍ കാരണം.
അതേസമയം കേന്ദ്രമന്ത്രി വി മുരളീധര പക്ഷം കെ സുരേന്ദ്രന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് കെ സുരേന്ദ്രന് വെല്ലുവിളിയാകുന്നത്. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇത് എതിര്‍ പക്ഷം ചൂണ്ടി കാണിക്കുന്നുണ്ട്.
അതേ സമയം പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനെയാണ് സംസ്ഥാന അധ്യാക്ഷ സ്ഥാനത്തേക്ക് എടുത്ത് കാട്ടുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രമേശ് മത്സരത്തില്‍ നിന്നും ഒഴിഞ്ഞു നിന്നതും ഇവര്‍ എടുത്തു പറയുന്നുണ്ട്.
Leave a Comment