പിണറായി നല്ല സുഹൃത്ത്..!!! ദേശീയ പാത വികസനത്തിന് 40,000 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് ഗഡ്കരി

കേരത്തിലെ ദേശീയപാത വികസനത്തിനായി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 കോടിയോളം രൂപ നല്‍കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് അവിടെ വലിയ പ്രശ്‌നമായിരുന്നു. അതിപ്പോള്‍ കാര്യമായ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. ഇതിനുള്ള ചെലവിന്റെ 25 ശതമാനം കേരളസര്‍ക്കാര്‍ തരാന്‍ തയ്യാറുമായി. അതിനാല്‍ ഇനി തടസ്സങ്ങളില്ലാതെ പദ്ധതി പെട്ടെന്ന് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ഇനി പണം ഒരു പ്രശ്‌നമേയല്ല. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 35,000 കോടിമുതല്‍ 40,000 കോടിവരെ രൂപ കേന്ദ്രംനല്‍കും. നിരവധിപദ്ധതികളാണ് ഞങ്ങളുടെ മുന്നില്‍ ഇപ്പോഴുള്ളത്.

കേരളത്തിലെ റോഡ് വികസനപദ്ധതികള്‍ പല കാരണങ്ങളാല്‍ ഏറെ വൈകിയിട്ടുണ്ട്. അതിനാല്‍ ഈ പദ്ധതികള്‍ക്ക് മുന്‍ഗണനയും നല്‍കും. കേരളത്തിലെ ദേശീയപാതാവികസന പദ്ധതി പെട്ടെന്നുതീര്‍ക്കാനുള്ള എല്ലാ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. സ്ഥലം ഏറ്റെടുക്കല്‍ കേരളത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായതിനാല്‍ എല്ലായിടത്തും 60 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം പ്രായോഗികമല്ല. സ്ഥലം കിട്ടുന്നതിനനുസരിച്ച് ചിലയിടങ്ങളില്‍ 60 മീറ്ററും മറ്റിടങ്ങളില്‍ 45 മീറ്ററുംവീതിയിലാവും റോഡ് നിര്‍മിക്കുക – അദ്ദേഹം പറഞ്ഞു.

കേരളത്തെ കൈയയഞ്ഞു സഹായിക്കുന്ന ഏക കേന്ദ്രമന്ത്രി എന്ന പേര് താങ്കള്‍ക്കുണ്ടല്ലോ എന്ന ചോദ്യത്തിന്, താന്‍ എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണെന്നും എല്ലാ സംസ്ഥാനത്തെപ്പോലെയും കേരളത്തെയും കാണുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബി.ജെ.പി.യും സി.പി.എമ്മും കേരളത്തില്‍ ബദ്ധശത്രുക്കളായിട്ടും താങ്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണല്ലോ എന്ന ചോദ്യത്തിന്, രാഷ്ട്രീയവും വികസനവുമായി ഒരിക്കലും താന്‍ കൂട്ടിക്കുഴയ്ക്കാറില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.’ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം നേരിട്ട പല പ്രശ്‌നങ്ങളിലും എനിക്ക് സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട’- ഗഡ്കരി പറഞ്ഞു.

pathram:
Related Post
Leave a Comment