ജോളി പൊലീസിന് വെല്ലുവിളി

വടകര: പോലീസിനെ സംബന്ധിച്ച് കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളിയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. കൊലപാതകങ്ങള്‍ പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്.പി ഓഫീസില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി കോഴിക്കോട്ടെത്തിയത്.

ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വര്‍ഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വര്‍ഷം മുമ്പും. അതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാല്‍ കേസില്‍ ദൃക്സാക്ഷിയോ ഒന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടി വരും. അതിനാല്‍ വലിയൊരു സംഘമാണ് കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആറ് കേസുകള്‍ക്കും പ്രത്യേകം അന്വേഷണ സംഘങ്ങള്‍ ഉണ്ടാകും. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാകും സംഘത്തില്‍ ഉണ്ടാകുക. ഇവര്‍ക്കൊപ്പം കേസില്‍ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധരുമുണ്ടാകും. കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ മികച്ച ഫോറന്‍സിക് വിദഗ്ധരേയും അന്വേഷണത്തിന്റെ ഭാഗമാക്കും. കേസിന്റെ വിവിധ വശങ്ങള്‍ നിയമ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ഇത്രയും കാലത്തെ അനുഭവങ്ങളില്‍ നിന്ന് ഇതൊരു വെല്ലുവിളി നിറഞ്ഞ കേസാണ്. കരുതുന്നതുപോലെ അത്ര എളുപ്പമല്ല കേസ് തെളിയിക്കാന്‍. തെളിവുകള്‍ കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം. അസാധ്യമായി ഒന്നുമില്ലെന്നും ഡിജിപി പറഞ്ഞു.

തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കില്‍ അതിനും തയ്യാറാണ്. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഇങ്ങനൊരു സംഭവം നടന്നുവെന്ന് തിരിച്ചറിഞ്ഞ എസ്.പി അഭിനന്ദനം അര്‍ഹിക്കുന്നു.

ജോളിയില്‍ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഡിജിപി പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല.

pathram:
Leave a Comment