ഞെളിയന്‍പറമ്പിന് ശാപമോക്ഷമാകുന്നു…

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഞെളിയന്‍പറമ്പില്‍ നിര്‍മ്മിക്കുന്ന വെയ്‌സ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ നടപടി ഡിസംബറില്‍ ആരംഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്് കമ്പനി കോഴിക്കോട് പദ്ധതിക്കായി മലബാര്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേകം കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനിക്കാണ് നിര്‍മ്മാണച്ചുമതലയെന്ന് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്‌ഐഡിസി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കണ്‍സെഷന്‍ എഗ്രിമെന്റ് സെപ്റ്റംബര്‍ നാലിന് ഒപ്പുവെച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ സാന്നിധ്യത്തില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വകുപ്പ് സെക്രട്ടറി, പദ്ധതി നടത്തിപ്പു ചമുതലയുള്ള കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി,ഫറൂഖ്, രാമനാട്ടുകര, കൊയിലാണ്ടി എന്നീ മുനിസിപ്പാലിറ്റികളിലെ സെക്രട്ടറിമാര്‍, കടലുണ്ടി, കുന്നമംഗലം, ഒളവണ എന്നീ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, നിര്‍മ്മാണ കമ്പനിയായ മലബാര്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് കമ്പനി ഡയറക്ടര്‍ അഭിഷേഷ് മിശ്ര എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരുമാസത്തിനകം ഡിപിആര്‍ തയാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മലബാര്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതര്‍ അറിയിച്ചു.

ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ് പ്രതിദിനം 300 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഒരു ടണ്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 3500 രൂപ ടിപ്പിംഗ് ഫീസായി കമ്പനിക്ക് നല്‍കണം. കോഴിക്കോട്് കോര്‍പ്പറേഷന്‍ പരിധിയിലെയും കൊയിലാണ്ടി, ഫറൂഖ്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്നമംഗലം,കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റില്‍ സംസ്‌കരിക്കുന്നത്.

2016 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ്് തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. വീടുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വിവിധയിടങ്ങളില്‍ കമ്പനി സ്ഥാപിച്ചിട്ടുള്ള ബിന്നില്‍ മാലിന്യം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

ബിന്നുകളില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം വേര്‍തിരിച്ച് കൃത്യമായ ഇടവേളകളില്‍ ആവരണം ചെയ്ത വാഹനങ്ങളില്‍ ഞെളിയന്‍പറമ്പിലെ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിക്കേണ്ട ചുമതല കമ്പനിക്കാണ്.


കോഴിക്കോട് മുനിസിപ്പല്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍അഭിഷേഷ് മിശ്രയ്ക്ക് കണ്‍സഷന്‍ എഗ്രിമെന്റ് കൈമാറുന്നു. മന്ത്രി എസി മൊയ്തീന്‍ സമീപം.

pathram:
Leave a Comment