അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

മുംബൈ: പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മോദിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് സമന്‍സ്. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോദിയെ വിശേഷിപ്പിച്ചെന്നതാണ് കേസിന് ആധാരം. ഇതിനെതിരെ നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുലിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് ഒക്ടോബര്‍ 3 ന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.

രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയ്ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാല്‍ ഇടപാടായിരുന്നു. പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വെച്ചുള്ള രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് പോലുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

pathram:
Related Post
Leave a Comment