സ്ഥിരമായി 4.50ന് ആംബുലന്‍സ് പോകുന്നു; പിന്തുടര്‍ന്ന് പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് കണ്ടത്….

തൃശ്ശൂര്‍: വൈകീട്ട് 4.50-ന് സ്ഥിരമായി ആംബുലന്‍സ് പോകുന്നുവെന്ന വിവരമറിഞ്ഞാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനയ്‌ക്കെത്തിയത്. തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നാണ് ആംബുലന്‍സ് പുറപ്പെടുന്നത്.

അലാറം മുഴക്കി ചീറിപ്പായുന്ന ആംബുലന്‍സിനെ അധികൃതര്‍ പിന്തുടര്‍ന്നു. നഴ്‌സിങ് കോളേജ് കവാടമെത്തിയതോടെ ആംബുലന്‍സിന്റെ അലാറം നിന്നു. ആംബുലന്‍സില്‍നിന്ന് പുറത്തിറങ്ങിയത് അത്യാഹിതക്കാരായിരുന്നില്ല, ഹോസ്റ്റലിലേക്ക് പോയ 12 വിദ്യാര്‍ഥിനികള്‍. മോട്ടോര്‍വാഹന വകുപ്പ് കേസെടുത്ത് പിഴയും ചുമത്തി.

ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനമായിരുന്നതിനാല്‍ റോഡ് നികുതി ഇളവും ഇവര്‍ നേടിയിരുന്നു. ഇതേവരെ അത്യാഹിതങ്ങള്‍ക്കായി വിനിയോഗിക്കാത്ത ഈ വണ്ടി സ്ഥിരമായി വിദ്യാര്‍ഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനുമാണ് ഓടുന്നത്.

യാത്രയ്ക്കുമുന്പ് ഒന്നു മിനുങ്ങാനായി ബാറില്‍ കയറിയ മെഡിക്കല്‍ റെപ്രസന്റേറ്റീവ് വൈകിയതിനാല്‍ തീവണ്ടി പിടിക്കാനായി കണ്ടെത്തിയ ഉപായവും ആംബുലന്‍സ് തന്നെ. ലൈറ്റിട്ട്, അലാറമിട്ട് പായുന്ന ആംബുലന്‍സിന് എല്ലാവരും വഴിമാറിയതിനാല്‍ തീവണ്ടി കിട്ടി. മറ്റൊരാള്‍ പി.എസ്.സി. പരീക്ഷദിനത്തിലെ ഗതാഗതക്കുരുക്ക് മുന്നില്‍ക്കണ്ട് ആംബുലന്‍സ് മുന്‍കൂര്‍ ബുക്ക് ചെയ്തു. വൈകിയിറങ്ങി കൃത്യസമയത്ത് പരീക്ഷയ്‌ക്കെത്തുകയും ചെയ്തു.

സ്വകാര്യ ആംബുലന്‍സില്‍നിന്ന് അനാശാസ്യം പിടികൂടിയതും ആംബുലന്‍സില്‍ മീന്‍പിടിക്കാന്‍ പോയ ചെറുപ്പക്കാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതുമെല്ലാം അടുത്തകാലത്തുണ്ടായതാണ്. മദ്യപിക്കാനായി ഒരുകൂട്ടം ചെറുപ്പക്കാര്‍ ആംബുലന്‍സ് വാടകയ്‌ക്കെടുത്ത് കറങ്ങിയത് കണ്ണൂരില്‍.

കിടമത്സരവും ആദായക്കുറവും കൂടുമ്പോള്‍ സ്വകാര്യ ആംബുലന്‍സുകള്‍ മറ്റുവഴികളിലൂടെ പായുന്നത്. പണം വാങ്ങാത്ത സന്നദ്ധസംഘടനകളുടെ ആംബുലന്‍സുകള്‍ പെരുകിയതോടെ ഏതുതരത്തിലും പണമുണ്ടാക്കാനായി വഴിവിട്ട പ്രവൃത്തികളിലേക്ക് സ്വകാര്യ ആംബുലന്‍സുകള്‍ പോകുന്നു. സന്നദ്ധസംഘടനയുടെ പേരിലുള്ള ആംബുലന്‍സിന് നികുതി ആനുകൂല്യമുള്ളതിനാല്‍ ഈ വണ്ടികള്‍ മറ്റ് കാര്യങ്ങള്‍ക്കായി മുതലെടുക്കുന്നവരുമുണ്ട്.

പുറമേനിന്നുള്ള കാഴ്ച മറയ്ക്കുന്ന വാഹനമായാലും അത്യാഹിതക്കാരാണ് ഉള്ളിലുള്ളതെന്നതിനാലും പോലീസ് ആംബുലന്‍സ് പരിശോധിക്കാറില്ല. അതാണ് സ്വകാര്യ ആംബുലന്‍സുകാര്‍ മുതലെടുക്കുന്നത്.

pathram:
Leave a Comment