ഇസ്ലാമാബാദ്: കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു. ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് അറിയിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്.
കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബര്‍ ഒന്നിന് വിലക്ക് അവസാനിക്കും. അതേസമയം, ജമ്മുകശ്മീര്‍ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അടുത്തമാസം നടക്കാനിരിക്കുന്ന യു.എന്‍. പൊതുസഭയില്‍ ശക്തമായിത്തന്നെ അവതരിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ബുധനാഴ്ച പറഞ്ഞു. കശ്മീരികളുടെ വികാരങ്ങള്‍ ഇമ്രാന്‍ഖാന്‍ ലോകത്തെ അറിയിക്കും. ന്യൂയോര്‍ക്കില്‍ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചര്‍ച്ചകളിലും ഇമ്രാന്‍ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂര്‍ണമായും തടയുന്നതു സംബന്ധിച്ച് ഇമ്രാന്‍ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും പാകിസ്താന്‍വഴിയുള്ള ഇന്ത്യ-അഫ്ഗാന്‍ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാന്‍ കൈക്കൊള്ളും.
ബാലാകോട്ട് ആക്രമണത്തിനുപിന്നാലെ ഫെബ്രുവരിയില്‍ പാകിസ്താന്‍ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു. മാര്‍ച്ച് 27-ന് ഇന്ത്യ, തായ്ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങള്‍ക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്താന്‍ പിന്നീട് വ്യോമപാത പൂര്‍ണമായി തുറന്നത്.
Leave a Comment