ശശി തരൂര്‍ ചെയ്തത് തെറ്റ്; വിശദീകരണം ചോദിക്കും

തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്റെ നടപടിയില്‍ വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനം. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്. ഇതിനിടെയാണ് ശശി തരൂരിനോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനം.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്.

വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരെ ശശി തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നടപടി ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു. ശശി തരൂരിനെതിരെ ഹൈക്കമാന്റ് നടപടി ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ കത്തയച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പദവി ഒഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം അനിശ്ചിതമായി ഒഴിച്ചിട്ട കോണ്‍ഗ്രസിന്റെ നിലപാട് ശരിയല്ലെന്ന് തരൂര്‍ തുറന്നടിച്ചതും സംസ്ഥാന കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തുടക്കം മുതല്‍ തന്നെ ശശി തരൂരിനെതിരായ വികാരം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പലപ്പോഴായി ഇത്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ തരൂര്‍ ക്യാമ്പിനും അമര്‍ഷമുള്ളതായാണ് വിവരം.

വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ച സാഹചര്യത്തില്‍ ശശി തരൂര്‍ പാര്‍ട്ടി നടപടിയോട് എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.

pathram:
Related Post
Leave a Comment