നരേന്ദ്ര മോദിയെ എപ്പോഴും തള്ളിക്കളയേണ്ട; ഭരണം പൂര്‍ണമായും മോശമല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 മുതല്‍ 2019വരെയുള്ള കാലയളവില്‍ മോദി എന്തെക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ മോദിയെ സഹായിച്ചതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.

ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകാരമുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത് എന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. എല്ലായ്പോഴും മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ പുകഴ്ത്താനോ സ്തുതിക്കാനോ അല്ല താന്‍ ആവശ്യപ്പെടുന്നതെന്നും മറിച്ച്, ഭരണനിര്‍വഹണത്തില്‍ അദ്ദേഹത്തിനുള്ള സവിശേഷതകള്‍ തിരിച്ചറിയണമെന്നാണ് പറയുന്നതന്നും ജയ്റാം രമേശ് വിശദീകരിച്ചു. മോദിയുടെ ഭരണനിര്‍വഹണ രീതി സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യ ബന്ധങ്ങള്‍ വളരെ സവിശേഷതകള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment