ബഷീറിന്റെ ഫോണ്‍ കാണാതായതു ദുരൂഹമാണ്; ഒരു മണിക്കൂര്‍ ശേഷം ആരോ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്ര മാനേജ്‌മെന്റ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ്. പൊലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പ്രതി ശ്രീറാം വെങ്കിട്ടരാമനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയതായി പൊലീസ് പറഞ്ഞു. അപകടശേഷം മരിച്ച കെ.എം. ബഷീറിന്റെ ഫോണ്‍ കാണാതായതു ദുരൂഹമാണ്. ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയാറായില്ല. വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്നു അദ്ദേഹം പറഞ്ഞു. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമായിരുന്നു വിശദീകരണം. ഇതോടെ കേസും വൈകിയതായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

അപകടസമയത്ത് ശ്രീറാമിന്റെ നാക്കു കുഴഞ്ഞിരുന്നതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷി ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ പറഞ്ഞിരുന്നു. അഹങ്കാരത്തോടെയായിരുന്നു പൊലീസിനോടു സംസാരം. അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോടു ദേഷ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ ഭയഭക്തി ബഹുമാനത്തോടെയാണു പെരുമാറിയതെന്നും ബെന്‍സണ്‍ മാധ്യമങ്ങളോടു പറഞ്ഞു. കേസില്‍ ബെന്‍സണെ മുഖ്യസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

pathram:
Related Post
Leave a Comment