ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല. 
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദം ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ശ്രീറാമിനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. കേസില്‍ സിറാജ് മാനേജ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ഉന്നയിച്ചത്. 
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് വാദിഭാഗം കോടതിയില്‍ പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവായി മാറേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. 
അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയാണ്  പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ ഉന്നത പോലീസരുടേയും ഉദ്യോഗസ്ഥരുടേയും ഇടപെടലുകള്‍  ഉണ്ടായിട്ടുണ്ടെന്ന സംശയിക്കുന്നതായും വാദിഭാഗം കോടതിയില്‍ പറഞ്ഞു. 
ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചു. വാദിഭാഗത്തിനായി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായര്‍ ഹാജരായി. 
കേസില്‍ കോടതി നേരത്തെ റിമാന്‍ഡ്  ചെയ്ത ശ്രീറാം ഇപ്പോള്‍ തിരുവനന്തപും മെഡി. കോളേജിലെ ട്രോമാ കെയര്‍ സെല്ലിലാണ്  കഴിയുന്നത്. ജാമ്യം കിട്ടിയതോടെ അദ്ദേഹത്തിന് ആശുപത്രി വിടാനും തിരിച്ച് കിംസ് ആശുപത്രിയിലേക്ക് പോകാനും സാധിക്കും. കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ ശ്രീറാമിനെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. 

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment