കശ്മീരില്‍ അതീവ ജാഗ്രത; കൂടുതല്‍ സൈനികരെ വിന്യസിച്ചു

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതിനു പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത. കൂടുതല്‍ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. കരസേനയും വ്യോമസേനയും അതീവജാഗ്രതയിലാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണായിരത്തോളം അര്‍ധസൈനികരെ കശ്മീരിലേക്ക് ആകാശമാര്‍ഗം എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ്, ഒഡീഷ, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ് സൈനികരെ ജമ്മു കശ്മീരിലെത്തിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തുന്നതിന് സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ രാജിവ് ഭട്നാറിനെ ജമ്മു കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സല്‍മീറിലേക്ക് പുറപ്പെടാനിരുന്ന കരസേനാ മേധാവി ബിപിന്‍ റാവത്ത് യാത്ര റദ്ദാക്കി ഡല്‍ഹിയില്‍ തുടരുകയാണ്.

ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച രാവിലെ ഒപ്പുവെച്ചിരുന്നു.

pathram:
Related Post
Leave a Comment