മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ തന്നെ! കോഹ്ലി ..!!!

ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലോക ഫുട്‌ബോളില്‍ ആരാണു മികച്ച താരം? ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം കൃത്യമായി പറയും.. മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ ‘ക്രിസ്റ്റ്യാനോ പ്രേമം’ കോലി തുറന്നു പറഞ്ഞത്. ‘കൂടുതല്‍ മികച്ച കരിയര്‍ ആരുടേത്’ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് കോലി ക്രിസ്റ്റ്യാനോയിലേക്ക് വിരല്‍ ചൂണ്ടിയത്.

‘മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. എന്റെ അഭിപ്രായത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുള്ളതും അതിലെല്ലാം വിജയിച്ചിട്ടുള്ളതും അദ്ദേഹമാണ്. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും പൂര്‍ണനായ കളിക്കാരനും റൊണാള്‍ഡോ തന്നെ. ഫുട്‌ബോളിനോടുള്ള റൊണാള്‍ഡോയുടെ അഭിനിവേശം സമാനതകളില്ലാത്തതാണ്. വളരെയേറെപ്പേര്‍ക്ക് പ്രചോദനമാണ് അദ്ദേഹം. ഇതൊന്നും അധികം പേരേക്കൊണ്ടു സാധിക്കുന്നതല്ല. റൊണാള്‍ഡോയുടെ നേതൃഗുണവും എനിക്കിഷ്ടമാണ്. ആ ആത്മവിശ്വാസവും വലുതുതന്നെ’ കോലി പ്രതികരിച്ചു.

റൊണാള്‍ഡോയ്ക്ക് 34 വയസ്സായി. മെസ്സിക്ക് 32ഉം. ഇവരുടെ പിന്‍ഗാമിയായി ആരു വരുമെന്നായിരുന്നു മറ്റൊരു ചോദ്യം. ഡിബ്രൂയിന്‍, ഹസാഡ്, എംബപ്പെ, നെയ്മര്‍, പോഗ്ബ, മുഹമ്മദ് സാലാ, അതോ മറ്റൊരാള്‍?

കോലിയുടെ മറുപടി: ‘എന്നെ സംബന്ധിച്ച് എംബാപ്പെ തന്നെ. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരത്തില്‍ എംബപ്പെയുടെ ആ കുതിപ്പ് എങ്ങനെ മറക്കും? ഭാവിയിലെ താരം എംബപ്പെയാണെന്ന് എനിക്കുറപ്പാണ്. എല്ലാം കൊണ്ടും ഒരു ടോപ് ക്ലാസ് കളിക്കാരന്‍ തന്നെ.

ഇന്ത്യയ്ക്കു പുറമെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ടീമേതെന്ന ചോദ്യത്തിലും ക്രിസ്റ്റ്യാനോയോടുള്ള പ്രിയം നിറഞ്ഞുനിന്നു.

‘പോര്‍ച്ചുഗലിന്റെ കളി കാണാനാണ് എനിക്കിഷ്ടം. ടീമിലുള്ള ഇതിഹാസ താരത്തിനൊപ്പം പ്രതിഭയുള്ള കൂടുതല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനാണ് അവരുടെ ശ്രമം. ആത്മവിശ്വാസവും ആവേശവും തുളുമ്പുന്ന കളിയാണ് അവരുടേത്. അതുകൊണ്ടുതന്നെ പോര്‍ച്ചുഗലിന്റെ കളി കാണാന്‍ എനിക്കിഷ്ടമാണ്. പോര്‍ച്ചുഗലിനു പുറമെ ഫ്രാന്‍സും ഇഷ്ടമുള്ള ടീം തന്നെ. ക്രിസ്റ്റ്യാനൊ ഉള്ളതുകൊണ്ട് യുവെന്റസും ഇപ്പോള്‍ പ്രിയപ്പെട്ട ടീമാണ്. അദ്ദേഹം കളിക്കുന്ന ക്ലബ്ബുകള്‍ക്കാണ് എന്റെ പിന്തുണ. എന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ഒരു പ്രചോദനം കൂടിയാണ്.

മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ലോകകപ്പ് ഓര്‍മകളെക്കുറിച്ചുള്ള ചോദ്യത്തില്‍ പക്ഷേ നിറഞ്ഞുനിന്നത് ബ്രസീലിനോടുള്ള ഇഷ്ടം. 1998, 2002 ലോകകപ്പുകളില്‍ കളിച്ച ബ്രസീല്‍ ടീമിനോടുള്ള ഇഷ്ടം കോലി തുറന്നുപറഞ്ഞു. ബ്രസീല്‍ താരം റൊണാള്‍ഡോയോടുള്ള ആരാധനയും കോലി വെളിപ്പെടുത്തി.

ഇതുവരെ കളി കണ്ടിട്ടുള്ളവരില്‍ ഏറ്റവും ആരാധന തോന്നിയത് ആരോടൊക്കെ?

റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, ഒലിവര്‍ ഖാന്‍, ലൂക്കാ മോഡ്രിച്ച്, ആന്ദ്രെ ഇനിയേസ്റ്റ, ചാവി, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. (ഒരു കാര്യം കോലി പ്രത്യേകം എടുത്തുപറഞ്ഞു; ‘ഇവരില്‍ത്തന്നെ കൂടുതലിഷ്ടം ക്രിസ്റ്റ്യാനോയെയാണ്!)

pathram:
Related Post
Leave a Comment