എല്‍ഡിഎഫ് സര്‍ക്കാര്‍ അതും ‘ശരിയാക്കി’ …!!!! വൈറ്റില മേല്‍പ്പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വൈറ്റില പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഷൈലാ മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്റേതാണ് നടപടി. നേരത്തേ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്ന് സൂചനകളുണ്ടായിരുന്നു.

പാലം നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥ നല്‍കിയിരുന്നത്. പാലം പണിയില്‍ കാര്യമായ ക്രമക്കേട് നടന്നെന്നാണ് ഇവര്‍ കണ്ടെത്തിയത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. ഈ കാര്യങ്ങളുന്നയിച്ചാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അന്വേഷിച്ച ശേഷം, പാലം നിര്‍മാണത്തില്‍ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദഗ്ധരാണ്. പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചതായാണ് വിവരം.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ലാ വിജിലന്‍സ് ഓഫീസര്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോണ്‍ക്രീറ്റ് നടക്കുന്ന സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് മിക്‌സിംഗിലെ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാര്‍ കോണ്‍ക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗര്‍ഡര്‍, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലും പരിചയ സമ്പന്നരായ സൂപ്പര്‍ വൈസര്‍മാരെ കരാറുകാരന്‍ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലന്‍സ് ഓഫീസര്‍ ഡെപ്യൂട്ടി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പ്ലാന്റില്‍ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യ നിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാന്‍ കാരണമെന്നാണ് വിജിലന്‍സ് വിഭാഗത്തിന്റെ നിഗമനം.

pathram:
Leave a Comment