പാലാരിവട്ടത്തിന് പിന്നാലെ വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലും വീഴ്ച; ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പ് പ്രതിരോധത്തിലാക്കുന്നു. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

അതേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസ് അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി.സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചതായാണ് വിവരം.

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ല വിജിലന്‍സ് ഓഫീസര്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോണ്‍ക്രീറ്റ് നടക്കുന്ന സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോണ്‍ക്രീറ്റ് മിക്‌സിംഗിലെ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാര്‍ കോണ്‍ക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സമ്പന്നരായ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗര്‍ഡര്‍, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലും പരിചയ സമ്പന്നരായ സൂപ്പര്‍ വൈസര്‍മാരെ കരാറുകാരന്‍ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലന്‍സ് ഓഫീസര്‍ ഡെപ്യൂട്ടി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പ്ലാന്റില്‍ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല.

എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യ നിര്‍വഹണത്തില്‍ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാന്‍ കാരണമെന്നാണ് വിജിലന്‍സ് വിഭാഗത്തിന്റെ നിഗമനം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.

അതേസമയം തകരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും കിട്ടിയിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എ.ഇ. അന്തിമ വിശകലം നടത്തുന്നതിനു മുന്പ് വിവരങ്ങള്‍ കത്തിലൂടെ പുറത്തുള്ളവര്‍ക്ക് നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

pathram:
Related Post
Leave a Comment