സ്‌കൂള്‍ അവധി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

കാസര്‍കോട് : സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്.

മഴ ശക്തമായതോടെ വിവിധ ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങള്‍ വാട്സപ്പിലൂടെ പുറത്ത് വന്നിരുന്നു. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ്, വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

കാസര്‍കോട് മഴ തുടരുന്നുണ്ടെങ്കിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ച് ഒറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എങ്കിലും മഴ തുടരുന്നതിനാല്‍ കാസര്‍കോട് രണ്ടിടത്ത് കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൂടാതെ കമധുവാഹിനി പുഴ കര കവിഞ്ഞോഴുകിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ അപകടാവസ്ഥയിലാണ്. മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്.

pathram:
Related Post
Leave a Comment