കൊച്ചിയില്‍ ഇനി വൃത്തിയുള്ള ഭക്ഷണവും വെള്ളവും..!! ‘ഓപ്പറേഷന്‍ സേഫ് ഫുഡ് ‘ ഇന്നുമുതല്‍

കാക്കനാട്: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കം. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ തട്ടുകടകളിലും ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം. ഇന്ന് ഉച്ചക്ക് 2 ന് തൃക്കാകര നഗരസഭാ പരിധിയില്‍ നിന്ന് പരിശോധനക്ക് തുടക്കം കുറിക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും. ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും.

കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ച് ദിവസം സമയമനുവദിക്കും. ഭക്ഷണം മോശമാണെങ്കില്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കും. ആഴ്ചയില്‍ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണ് പരിശോധന. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നോട്ടീസ് നല്‍കി ഒഴിപ്പിക്കും. റവന്യൂ- ഫുഡ് സേഫ്റ്റി – സിവില്‍ സപ്ലൈസ് – ആരോഗ്യ- പോലീസ് വകുപ്പുദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്. യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാദേവി, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്‍ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

pathram:
Related Post
Leave a Comment