എമിഗ്രേഷന്‍ സൂപ്പര്‍ സ്മാര്‍ട്ട്..!!! പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബായ് എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യാം

ദുബായ്: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്ര രേഖകളോ മനുഷ്യ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടി സൂപ്പര്‍ സ്മാര്‍ടായതിനെ തുടര്‍ന്നാണിത് സാധ്യമായത്. ഏറെ ശ്രദ്ധായാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാര്‍ചര്‍ ഭാഗത്താണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്.

സ്മാര്‍ട് ടണല്‍ പാതയിലൂടെ ഒന്നു നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്സ് ഐഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ചു ചെയ്യുകയോ വേണ്ടതില്ല. യാത്രക്കാര്‍ ടണലിലുടെ നടന്നു നീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി, ഉടന്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.

കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് പരീക്ഷണാര്‍ഥം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി യാത്രക്കാര്‍ക്ക് തുറന്നു കെടുത്തത്. അതിന് ശേഷം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള നടപടി പുത്തന്‍ യാത്രാ അനുഭവമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാ സംവിധാനമാണ് ഇത്. യാത്രക്കാര്‍ സൂപ്പര്‍ സ്മാര്‍ട് ടണലിലൂടെ നടക്കുമ്പോള്‍ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തും. അത് പ്രകാരമാണ് സ്മാര്‍ട് ടണലിലെ നടപടിക്രമങ്ങള്‍ ഏകോപിക്കുന്നതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

എമിഗ്രേഷന്‍ വരികളില്‍ കാത്തുനിക്കാതെ എങ്ങനെ യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാമെന്നുള്ള പരീക്ഷണത്തിലായിരുന്നു ദുബായ് എമിഗ്രേഷന്‍. തികച്ചും യുഎഇ നിര്‍മിതമായ ഈ സംവിധാനം ലോകത്തിലെ തിരക്കേറിയ വിമാനതാവളത്തിലെ നടപടിയെ ഏറ്റവും സുഗമമാക്കുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ പറഞ്ഞു.

നിലവില്‍ ഇതിലൂടെ യാത്രചെയ്യാന്‍ മുന്‍കൂട്ടി വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറിന് അടുത്തുള്ള പവലിയനിലോ, അവിടെയുള്ള കിയോസ്‌ക്കുകളിലോ റജിസ്ട്രേഷന്‍ നടത്താം. എമിറേറ്റ്സ് ഐഡി ഉപയോഗിച്ചു സ്മാര്‍ട് ഗേറ്റുകളിലുടെ യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങള്‍ മുന്‍പ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അവര്‍ക്ക് നേരിട്ട് ടണല്‍ ഉപയോഗിക്കാനും കഴിയും. എന്നാല്‍ ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ അവരുടെ കാലാവധിയുള്ള പാസ്‌പോര്‍ട് കൈയില്‍ കരുതണം. അതിന് ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കുകയും വേണം.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷതോറും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എമിഗ്രേഷനായി കാത്തിരിക്കാതെ യാത്രാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനാണ് സൂപ്പര്‍ സ്മാര്‍ട് ടണല്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ചുട്ടുള്ളതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ആദ്യത്തെ 6 മാസത്തിനുള്ളില്‍ ദുബായിലുടെ യാത്ര ചെയ്തത് 27.4 ദശലക്ഷം പേരാണെന്ന് അധിക്യതര്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment