കുടുംബാംഗങ്ങൾ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാർട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

കുടുംബാംഗങ്ങൾ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാർട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാർട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ പ്രശ്നം ചർച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയ് പ്രായപൂർത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രം. അക്കാര്യത്തിൽ ഞാൻ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാർട്ടിക്കോ ഏറ്റെടുക്കാനാവില്ല. അത് അവർതന്നെ അനുഭവിക്കണം- കോടിയേരി പറഞ്ഞു.

വിഷയത്തിൽ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല. പാർട്ടി അംഗങ്ങൾ സ്വീകരിക്കേണ്ട സമീപനവും നടപടിക്രമവുമാണ് മകന്റെ കാര്യത്തിലും ഞാൻ സ്വീകരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം വിശദീകരിച്ചു.

അതിനിടെ ബിനോയ് കോടിയേരിയെ താൻ ബന്ധപ്പെട്ടിട്ട് ദിവസങ്ങളായെന്നും മകൻ എവിടെയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവന്റെ പിന്നാലെ എപ്പോഴും പോകുന്ന ആളാണെങ്കിൽ ഈ പ്രശ്നമുണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

കേസ് വന്നസമയത്താണ് ഇതുസംബന്ധിച്ച് അറിയുന്നത്. മകൻ ആശുപത്രിയിൽ കാണാൻവന്നിരുന്നു. മകനെ കണ്ടിട്ട് കുറച്ചുദിവസമായെന്നും മകനെ ഫോണിൽപോലും വിളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

pathram:
Related Post
Leave a Comment