ഇന്ത്യന്‍ ടീം വീണ്ടും പരുക്കിന്റെ പിടിയില്‍; ധവാനും ഭുവിക്കും പിന്നാലെ മൂന്നാമതൊരാള്‍ കൂടി പുറത്തേക്ക്…

ലോകകപ്പില്‍ മികച്ച ഫോമില്‍ മുന്നേറ്റം തുടരുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വീണ്ടും പരുക്ക്. ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങള്‍ പരുക്കിന്റെ പിടിയില്‍ ആണെന്ന് റിപ്പോര്‍ട്ട്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറിനും പിന്നാലെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനാണ് ഇന്ത്യന്‍ നിരയില്‍ പുതുതായി പരുക്കേറ്റത്. ബുധനാഴ്ച പരിശീലനത്തിനിടെ വിജയ് ശങ്കറിന്റെ കാല്‍വിരലിന് പരുക്കേറ്റെന്നാണ് വിവരം.

ജസ്പ്രീത് ബുമ്ര എറിഞ്ഞ യോര്‍ക്കര്‍ കാലില്‍ തട്ടിയാണ് വിജയ് ശങ്കറിനു പരുക്കേറ്റത്. പരുക്കു പറ്റിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരിശീലനത്തിനിടെ വിജയ് ശങ്കറിനു പരുക്ക് പറ്റിയെങ്കിലും വൈകിട്ടോടെ വേദന കുറഞ്ഞതായും വിവരമുണ്ട്. വ്യാഴാഴ്ച പരുക്കുപറ്റി ചെറിയ മുടന്തുമായാണ് വിജയ് ശങ്കര്‍ നടന്നത്. പിന്നീട് ജോഗിങ്ങിന് ശ്രമിച്ചെങ്കിലും അതും പെട്ടെന്നു തന്നെ നിര്‍ത്തുകയായിരുന്നു.

മറ്റു താരങ്ങള്‍ ഫീല്‍ഡിങ്, നെറ്റ്‌സ് പ്രാക്ടീസുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ ചെറിയ വ്യായാമങ്ങള്‍ മാത്രമാണ് വിജയ് ശങ്കര്‍ ചെയ്തത്. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായും ബോളറായും ഉപയോഗിക്കാവുന്ന വിജയ് ശങ്കറിന്റെ പരുക്ക് ഗുരുതരമാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നില പരുങ്ങലിലാകും. ലോകകപ്പില്‍ ഭുവനേശ്വര്‍ കുമാറിന് പകരമെത്തി പാക്കിസ്ഥാനെതിരെ വിജയ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് ലഭിച്ചിരുന്നു. ഇതുള്‍പ്പെടെ രണ്ട് വിക്കറ്റുകളും 15 റണ്‍സും പാക്കിസ്ഥാനെതിരെ വിജയ് ശങ്കര്‍ നേടി.

എട്ടു ദിവസത്തെ വിശ്രമത്തിലുള്ള ഭുവനേശ്വര്‍ കുമാറിനെ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കളിപ്പിക്കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

pathram:
Related Post
Leave a Comment