30 വര്‍ഷമായി പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട കോര്‍പ്പറേഷന്‍ പൂട്ടി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കട കോര്‍പറേഷന്‍ അടച്ചുപൂട്ടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കടയാണ് ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് കട പൂട്ടിയതെന്ന് നസറുദ്ദീന്‍ ആരോപിച്ചു.

കഴിഞ്ഞ 30 വര്‍ഷമായി ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. 1990ല്‍ ഉണ്ടായ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലൈസന്‍സ് എടുക്കില്ലെന്ന് നിലപാടാണ് നസറുദ്ദീന്‍ സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് കോര്‍പറേഷന്‍ പല തവണ നസറുദ്ദീന് നോട്ടീസ് നല്‍കിയിരുന്നു.

ഒരു പൊതു പരിപാടിയില്‍വെച്ച് തന്റെ കടയ്ക്ക് ലൈസന്‍സില്ലെന്നും മറ്റുള്ള വ്യാപാരികളും ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും പ്രസംഗിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നസറുദ്ദീന്റെ കട സംബന്ധിച്ച് കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും പരിശോധന നടത്തിയത്. 1994 ല്‍ പുതിയ മുനിസിപ്പല്‍ നിയമം വന്നതിനെ തുടര്‍ന്ന് മുന്‍പത്തെ കോടതി ഉത്തരവിന് സാധുതയില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നസറുദ്ദീന്റെ വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് എടുക്കാത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.

എന്നാല്‍ നസറുദ്ദീന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കുന്നു.

അതേസമയം, ഇത്തരം വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് ആവശ്യമില്ലെന്നും അതിനാല്‍ ലൈസന്‍സ് എടുക്കില്ലെന്നുമാണ് നസറുദ്ദീന്റെ നിലപാട്. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ലൈസന്‍സ് എടുക്കാത്തത്. ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് തന്റെ കട പൂട്ടിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

pathram:
Leave a Comment