നിപ വൈറസ്: സംസ്ഥാനത്ത് 50 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ സംശയിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടകാര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വൈ. സഫറുള്ള. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം നിപ വൈറസ് സംശയത്തില്‍ 50 പേര്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കില്‍ പോലും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എറണാകുളം, തൃശൂര്‍, കളമശേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു. ഇയാളുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡി.എം.ഒ. എന്‍. കെ. കുട്ടപ്പന്‍ വ്യക്തമാക്കി.

വിദ്യാര്‍ഥിക്ക് തൃശൂര്‍ ജില്ലയില്‍ നിന്നല്ല രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. ഇടുക്കിയില്‍ നിന്ന് എത്തുമ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ജില്ലയില്‍ രോഗിയുമായി അടുത്തിടപഴകിയ 34 പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ വ്യക്തമാക്കി.

തൊടുപുഴയിലും തൃശൂരിലും രോഗിയുമായി അടുത്തിടപഴകിയ 16 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ 24 ാം തീയതി മുതല്‍ മൂന്നാം തീയതിവരെ കുട്ടിയുമായി അടുത്തിടപഴകിയ ആര്‍ക്കും പനിയോ രോഗലക്ഷണമോ കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment