ഗൂഗിള്‍ പേ ആപ്പ് വഴി പണം നഷ്ടപ്പെട്ടുവെന്നാരോപിച്ച് ഗൂഗിളിനെതിരെ നിയമനടപടിയുമായി യുവാവ്. ബംഗളുരു സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് സിറ്റി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്പിലൂടെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ പരാതി. യുവാവിന്റെ പരാതിയില്‍ ബംഗളുരു സിറ്റി സൈബര്‍ ക്രൈം വിഭാഗം ഗൂഗിള്‍ ഇന്ത്യയുടെ നിയമവിഭാഗം മേധാവിക്ക് നോട്ടീസ് അയച്ചു.
തന്റെ മുന്‍കാല സുഹൃത്ത് എന്ന വ്യാജേന വിളിച്ച അജ്ഞാതനാണ് പണം തട്ടിയതെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. താന്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കാന്‍ പഠിച്ചു വരുന്നതേയുള്ളൂ എന്നും ഇതിന്റെ ഭാഗമായി തന്റെ അക്കൗണ്ടിലേക്ക് 30,000 രൂപ ഇട്ടിട്ടുണ്ടെന്നും വിളിച്ച വ്യക്തി പരാതിക്കാരനായ യുവാവിനോട് പറഞ്ഞു. ഇതേ സമയം തന്നെ ബാങ്ക് അക്കൗണ്ടില്‍ പണം വന്നതായി ഫോണില്‍ മെസേജും വന്നു.
അല്‍പ്പസമയം കഴിഞ്ഞ് പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. അത് പ്രകാരം 30,000 രൂപ ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. എന്നാല്‍ പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ചതി വ്യക്തമായത്. പഴയ സുഹൃത്ത് ചമഞ്ഞ് വിളിച്ച വ്യക്തി പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചിട്ടില്ല. അയാളുടെ പണമെന്ന് കരുതി സ്വന്തം പണം തന്നെയാണ് പരാതിക്കാരന്‍ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തത്. ബാങ്കിന്റെ പേരില്‍ വന്ന സന്ദേശവും വ്യാജമായിരുന്നെന്ന് വ്യക്തമായി.
ഇതിനെതിരെയാണ് യുവാവിന്റെ പരാതി. പരാതിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ഗൂഗിള്‍ ഇന്ത്യയുടെ നിയമവിഭാഗം മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പിനിടയായ ഇടപാടിന്റെ വിശദാംശങ്ങളും ഗൂഗിള്‍ പേ ആപ്പിന്റെ മറ്റ് സാങ്കേതിക വിവരങ്ങളും കൈമാറണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment