പെരിയ ഇരട്ടക്കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയിലായി

മംഗലാപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. പാക്കം സ്വദേശി സുബീഷാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകം നടന്നതിന് പിന്നാലെ ഫെബ്രുവരി 17ന് ശേഷമാണ് സുബീഷ് നാട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.

ഉദുമ മേഖലയില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകം നടന്ന ആദ്യ ദിനങ്ങളില്‍ ഇയാള്‍ പ്രദേശത്തുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം ശക്തമായതോടെ ഇയാള്‍ മുങ്ങി. വിദേശത്തേക്ക് കടന്നുവെന്ന് മനസിലായതോടെ സുബീഷിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു.

ഇതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ സുബീഷിനെ പോലീസ് പിടികൂടുകയായിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് പിടിയിലായ സുബീഷ്. വിദേശത്തുനിന്ന് ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയിരുന്നു. സുബീഷിന്റെ അറസ്റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള എല്ലാവരും അറസ്റ്റിലായി. സുബീഷിനെ പിടികൂടിയതോടെ കേസില്‍ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 14 ആയി.

pathram:
Related Post
Leave a Comment