ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിച്ചേക്കില്ലെന്ന് സൂചന. ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും എന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയുകയാണ് അധികാരം കിട്ടുന്നില്ലെങ്കില്‍ പിന്നെ പ്രധാനലക്ഷ്യം. 543 അംഗ ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 272 സീറ്റുകളാണ്.
ഇത് നേടാന്‍ സാധിക്കുമെന്ന് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഉറപ്പില്ല. പരമാവധി 120 മുതല്‍ 140 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യം നടന്നില്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും. ഒറ്റയ്ക്ക് സീറ്റു കിട്ടില്ലാത്ത സാഹചര്യത്തെ മൂന്‍ നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മെയ് 21 ന് വിളിച്ചിട്ടുണ്ട് കോണ്‍ഗ്രസ്.
പ്രധാനമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്ത് യുപിഎയ്ക്ക് ഉള്ളില്‍ നിന്നോ പുറത്തു നിന്നോ ആര് പ്രധാനമന്ത്രിയായാലും അത് അംഗീകരിക്കും. അതേസമയം കോണ്‍ഗ്രസ് വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നീ നേതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസ് നേതാവ് എത്തുന്നതിനോട് ഇവര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് സൂചനകള്‍.
നേരത്തേ തന്നെ കോണ്‍ഗ്രസിനെ സഖ്യത്തില്‍ കൂട്ടില്ലെന്ന് യുപിയില്‍ സഖ്യം ചേര്‍ന്നിരിക്കുന്ന മായാവതി അഖിലേഷ് കൂട്ടുകെട്ട് പറഞ്ഞിരുന്നു. പ്രതിപക്ഷത്ത് നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയരുന്ന പേരാണ് മായാവതിയുടേത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ മായാവതിയും ബംഗാളില്‍ മമത ബാനര്‍ജിയുമടക്കമുളളവര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇവര്‍ ഇവരില്‍ ആരെങ്കിലും പ്രധാനമന്ത്രിയാകുന്നതിനെ മറ്റുള്ളവരും എതിര്‍ക്കുന്നുണ്ട്.
ചന്ദ്രബാബു നായിഡുവിനെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ ചന്ദ്രബാബു നായിഡു വിളിച്ചിട്ടും ഈ നേതാക്കളൊന്നും അടുത്തിട്ടില്ല. ബിജെപിയുമായി കൂട്ട് ചേരാത്ത കക്ഷികളുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, അശോക് ഗെഹ്ലോട്ട് അടക്കമുളള നേതാക്കളെയാവും ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ടിആര്‍എസ്, എസ്പി, ബിഎസ്പി, വൈഎസ്ആര്‍സി, ബിജെഡി അടക്കമുളള യുപിഎക്ക് പുറത്തുളള പാര്‍ട്ടികളെ കൂടെ നിര്‍ത്താനുളള ചര്‍ച്ചകളുടെ ചുമതല പി ചിദംബരം, ഗുലാം നബി ആസാദ് എന്നിവര്‍ക്കാണ്.
Leave a Comment