സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയെന്ന് കമല്‍ഹാസന്‍; അപകടകരമായ തീക്കളിയെന്ന് ബിജെപി

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന പരാമര്‍ശം നടത്തിയ കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദര്‍രാജന്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ഥ ഇന്ത്യ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്നും സൗന്ദര്‍ രാജന്‍ ചൂണ്ടിക്കാട്ടി. വെള്ളിത്തിരയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാനിറങ്ങിയിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.

pathram:
Related Post
Leave a Comment