ലാഹോര്‍: ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് പാകിസ്താന്‍. പാക് വ്യോമയാന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
അതിനിടെ, ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി.
ഫെബ്രുവരി 26 ന് ഇന്ത്യ പാകിസ്താനിലെ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വ്യോമപാത പാകിസ്താന്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ 27 ന് ന്യൂഡല്‍ഹി, ക്വലാലംപുര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വ്യോമപാതകള്‍ ഒഴികെയുള്ളവ പാക് വ്യോമയാന മന്ത്രാലയം തുറന്നു കൊടുത്തിരുന്നു.
‘മെയ് 15 ന് ചേരുന്ന യോഗത്തില്‍ വ്യോമപാത തുറക്കുന്ന വിഷയത്തില്‍ പാകിസ്താന്‍ ആലോചന നടത്തും. എല്ലാ മന്ത്രിമാരും ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക’.- സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് മുജതാബാ ബെയ്ഗ് പറഞ്ഞു. അതിനിടെ, ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതോടെ പാകിസ്താനിലെ വിമാനക്കമ്പനികള്‍ക്ക് വരുമാനത്തില്‍ വന്‍ നഷ്ടമാണ് നേരിടേണ്ടിവന്നത്.
Leave a Comment