തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി തെക്കേ നടതുറന്നു; പൂരത്തിനൊരുങ്ങി തൃശൂര്‍ നഗരം

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ശന സുരക്ഷയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്.

ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരുന്നു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയിരുന്നത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയെത്തുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിലാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിന്‍കാട് മൈതാനത്തെത്തുകയും മണികണ്ഠനാല്‍ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തെത്തി. ഇതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തൃശൂര്‍ പൂരത്തിനും തുടക്കമായി.

പതിവിന് വിപരീതമായി വന്‍ പുരുഷാരമാണ് തേക്കിന്‍കാട് മൈതാനത്തും ക്ഷേത്ര പരിസരത്തും തടിച്ച് കൂടിയത്. ആവേശം കൊണ്ടുള്ള ആര്‍പ്പുവിളി ആനയ്ക്ക് പ്രകോപനമാകാതിരിക്കാന്‍ നിരന്തരം ജാഗ്രതാ മുന്നറിയിപ്പുകള്‍ ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആനയുടെ പത്ത് മീറ്റര്‍ പരിസരത്തെങ്കിലും ഏറ്റവും ചുരുങ്ങിയത് ആളെ അനുവദിക്കരുതെന്ന നിര്‍ദ്ദേശവും പൊലീസ് നടപ്പാക്കി. അമ്പത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് തീര്‍ത്താണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തിയത്.

തെക്കോട്ടിറക്ക ചടങ്ങ് പൂര്‍ത്തിയാക്കി തേക്കിന്‍കാട് മൈതാനത്ത് തെക്കേനടയില്‍ വന്ന് നിന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് ദേവീദാസന്‍ തിടമ്പ് തിരിച്ച് വാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തിനകത്തു കൂടെ ആനയെ കൊണ്ടു പോയി മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ച ശേഷമാണ് വീണ്ടും ലോറിയില്‍ കയറ്റി കൊണ്ട് പോയത്.

അനാരോഗ്യവും അക്രമണ സ്വഭാവവുമുള്ള ആനയെ എഴുന്നെള്ളിപ്പിന് എത്തിക്കുതിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന ് വലിയ വിവാദാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്ന കൊമ്പനെ എഴുന്നെള്ളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ഒരു ആനയെയും വിട്ടു കൊടുക്കില്ലെന്ന് ആന ഉടമകള്‍ നിലപാടെടുത്തു. തുടര്‍ന്ന് വിശദായ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും നിബന്ധനകളോടെ എഴുന്നെള്ളിപ്പ് ആകാമെന്ന നിയമോപദേശവും അടക്കം കണക്കിലെടുത്താണ് ആന വിലക്കിന് ഉപാധികളോടെ ഇളവ് അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

pathram:
Leave a Comment