മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനം ബുധനാഴ്ച മുതല്‍; ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗകനാകും

ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 8-ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും.

മെയ് 13-ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രസംഗകരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി. പ്രസിദ്ധ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്‍റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കും. പരിസ്ഥിതി സൗഹൃദവും അതിജീവനശേഷിയുള്ളതുമായ പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.

നെതര്‍ലാന്‍റ്സില്‍ മെയ് 9-നാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടികള്‍. നെതര്‍ലാന്‍റ്സിലെ ഐടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ വിന്‍റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നെതര്‍ലാന്‍റ്സിലെ വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും അന്ന് കൂടിക്കാഴ്ചയുണ്ട്.

പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍റ്സ് നടപ്പാക്കിയ “Room for River” പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നെതര്‍ലാന്‍റ്സ് നടപ്പാക്കുന്ന മാതൃകകള്‍ മനസ്സിലാക്കുക എന്നതും സന്ദര്‍ശനത്തിന്‍റെ ഉദ്ദേശമാണ്.

മെയ് 10-ന് നെതര്‍ലാന്‍റ്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസന മന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, പ്രദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യും.

നെതര്‍ലാന്‍റ്സ് ദേശീയ ആര്‍ക്കൈവ്സിന്‍റെ ഡയറക്ടര്‍ എം.എല്‍ എയ്ഞ്ചല്‍ ഹാര്‍ഡ്, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ജനറല്‍ ജാന്‍-കീസ് ഗോത്ത് എന്നിവരുമായും മെയ് 10-ന് കൂടിക്കാഴ്ചയുണ്ട്. പച്ചക്കറി, പുഷ്പ കൃഷി എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായി മുഖ്യമന്ത്രി സംസാരിക്കും. റോട്ടര്‍ഡാം തുറമുഖം, വാഗ് നിയന്‍ സര്‍വ്വകലാശാല എന്നിവയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

നെതര്‍ലാന്‍റ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്.

സ്വിറ്റ്സ്ര്‍ലാന്‍റ് സന്ദര്‍ശനത്തിനിടയില്‍ യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 14-ന് സ്വിറ്റ്സ്ര്‍ലാന്‍റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സ്വിറ്റ്സ്ര്‍ലാന്‍റിലെ ഖരമാലിന്യ-സംസ്കരണ പ്ലാന്‍റുകള്‍ സന്ദര്‍ശിക്കാനും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ട്.

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിസ് സംരംഭകരുമായി അദ്ദേഹം ചര്‍ച്ച നടത്തും. സ്വിറ്റ്സ്ര്‍ലാന്‍റിലെ പ്രവാസി ഇന്ത്യക്കാരേയും മുഖ്യമന്ത്രി കാണുന്നുണ്ട്.

മെയ് 17-ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്.

ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും.

മെയ് 16-ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും വിവിധ രാജ്യങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. മെയ് 20-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

pathram:
Related Post
Leave a Comment