ന്യൂഡല്‍ഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്. ഖേദ പ്രകടനം എന്നുള്ളത് മാറ്റി പൂര്‍ണമായും മാപ്പ് പറയുന്ന ഘട്ടത്തിലേക്ക് രാഹുല്‍ എത്തുകയായിരുന്നു.
ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ)യെന്ന് കോടതിയും സമ്മതിച്ചുവെന്ന പരാമര്‍ശത്തിലാണ് മാപ്പ് പറഞ്ഞത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ച ഘട്ടത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് രാഹുലിന് വേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് എതിര്‍ഭാഗം അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്വി ആരോപിച്ചു. രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നായിരുന്നു മനു അഭ്ഷേക് സിങ്വി കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പ് പറയണമെന്ന് എതിര്‍ കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഖേദ പ്രകടനവും മാപ്പ് പറയലും ഒന്നു തന്നെയാണെന്ന് മനു അഭിഷേക് സിങ്വി വ്യക്തമാക്കുകയായിരുന്നു. രേഖാമൂലം തന്നെ മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്.
Leave a Comment