പൊലീസിന്റെ പിഎസ് സി കായിക ക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം

ആലപ്പുഴ: പൊലീസിന്റെ പിഎസ്സി കായിക ക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. കരുനാഗപ്പള്ളി സ്വദേശി ശരത്തിന് വേണ്ടിയാണ് സുഹൃത്ത് നൂറുമീറ്റര്‍ ഓട്ടം പാസ്സായത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതോടെ വ്യാജന്‍ ചാരമംഗലം സ്‌കൂളിന്റെ മതില്‍ കടന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചാരമംഗലം ഗവണ്‍മെന്റ് ഡിവിഎച്ച്എസ്എസ്സിലായിരുന്നു പൊലീസിന്റെ കായിക ക്ഷമതാ പരീക്ഷ. ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാനുളള നടപടി പുലര്‍ച്ചെ തന്നെ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ നമ്പര്‍ നല്കി. ഇതിന് പിന്നാലെ 130-ാം നമ്പറുകാരനായ കരുനാഗപ്പള്ളി സ്വദേശിയായ ശരത്ത് നമ്പര്‍ വ്യാജനെ ഏല്‍പ്പിച്ച ശേഷം മതില്‍ വഴി പുറത്തേക്ക് ചാടി.

അപ്പോഴേക്കും ശരത്തിന്റെ നമ്പറും കൊണ്ട് വ്യാജന്‍ ഗ്രൗണ്ടിലെത്തിയിരുന്നു. നൂറ് മീറ്റര്‍ ഓട്ടം ശരത്തിന്റെ വ്യാജന്‍ ജയിച്ചു. പിന്നാലെ വ്യാജന്റെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. അപ്പോഴേക്കും ശരത്തിന്റെ വ്യാജന്‍ പരീക്ഷയ്ക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ മതില്‍ വഴി പുറത്തേക്ക് ചാടി.

സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്ക് ശരത്തിനെയും വ്യാജനെയും കാണാതായി. കായിക ക്ഷമതാ പരീക്ഷ നടത്തിയ ഉദ്യോഗസ്ഥര്‍ പൊലീസിന് നേരിട്ട് പരാതി കൊടുക്കാത്തതിനാല്‍ അന്വേഷണം തുടങ്ങാനായില്ല. പിഎസ്സി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ച ശേഷമാകും ഇനി പൊലീസില്‍ പരാതി നല്‍കുക. പരാതി കിട്ടിയാല്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് മാരാരിക്കുളം സിഐ പറഞ്ഞു.

pathram:
Related Post
Leave a Comment