വടകരയിലും കോഴിക്കോട്ടും ബിജെപി- കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം

കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബിജെപി കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചു വിറ്റെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ട് കച്ചവടം നടന്നിരിക്കാമെന്നും പി മോഹനന്‍ ആരോപിച്ചു.

”വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയില്‍ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുന്‍ കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്”, പി മോഹനന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് ജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്. എങ്ങനെയാണ് ഈ ട്രെന്‍ഡുണ്ടായതെന്ന വിശദമായ ചര്‍ച്ച ജില്ലാ നേതൃത്വത്തിന്റെ അവലോകനയോഗത്തിലുണ്ടായി.

വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ വടകരയില്‍ കോ – ലീ – ബി രഹസ്യ സഖ്യമുണ്ടെന്ന് (കോണ്‍ഗ്രസ് – ലീഗ് – ബിജെപി) സ്ഥാനാര്‍ത്ഥി പി ജയരാജനടക്കം ആരോപിച്ചിരുന്നതാണ്. പോളിംഗിന് ശേഷം സിപിഎം ആരോപണം ആവര്‍ത്തിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും വളരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം പോലും നടത്താതിരുന്നതും ഇതിന് തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

വടകരയിലെ പലയിടത്തും ബൂത്തുകളില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്നാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ കൊടുത്തതെന്നാണ് സിപിഎം പറയുന്നത്. നാദാപുരത്തെ ചില ബൂത്തുകളില്‍ താനിത് നേരിട്ട് കണ്ടുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയുന്നു. നേരത്തേ സ്ലിപ്പുകള്‍ കൊടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയില്ലെന്നതും പോളിംഗ് ദിവസം പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരുന്നതും ഇതിന് തെളിവാണെന്നും പി മോഹനന്‍ പറയുന്നു.

എന്തായാലും നാളെ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പോളിംഗ് സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടക്കുന്നതിന് മുമ്പേയാണ് ജില്ലാ സെക്രട്ടറിയുടെ ഈ വാര്‍ത്താ സമ്മേളനമെന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമല്ല, തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി കാര്യമായ പ്രവര്‍ത്തനം നടത്തിയതും ശ്രദ്ധ കേന്ദ്രീകരിച്ചതും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കാര്യമായി ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിച്ചെന്ന് സിപിഎം പൊതുവേ വിലയിരുത്തുന്നുണ്ട്.

പി ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എംഎല്‍എമാരിലൊരാളായ എ പ്രദീപ് കുമാറാണ് കോഴിക്കോട്ട് സ്ഥാനാര്‍ത്ഥി. ഈ രണ്ടിടങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു മുഴം മുമ്പേ സിപിഎം വോട്ട് കച്ചവടം എന്ന ആരോപണമുന്നയിക്കുന്നതും.

pathram:
Related Post
Leave a Comment