ലല്ലു നമ്മളെയെല്ലാവരെയും ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകും.’ ഒരു യമണ്ടന്‍ പ്രേമകഥയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു

നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റെ ആണ് ചിത്രം. ചിത്രത്തിലെ ലല്ലു എന്ന തന്റെ കഥാപാത്രം ഇതുവരെ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
‘ആദ്യാവസാനം വരെ കുടുംബങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. എനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഇതിലെ ലല്ലു. വളരെ ആസ്വദിച്ചാണ് ആദ്യാവസാനം വരെ അഭിനയിച്ചത്. മുമ്പ് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണിത്. വീട്ടുകാരുമായി ഉടക്കി ബാഗ് തൂക്കി പോകുന്നില്ല, നഗരവാസിയല്ല, ഗ്രാമീണനാണ്. ബൈക്ക് അല്ല, സൈക്കിളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. മുഴുവന്‍ സമയം മുണ്ടുടുത്തു നടക്കുന്നു. ലല്ലു നമ്മളെയെല്ലാവരെയും ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകും.’ ചിത്രത്തിന്‍ന്റെ ഓഡിയോ റിലീസുമായി ബന്ധപ്പെട്ട് ദുബായിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇടവേളകള്‍ മനപൂര്‍വ്വം ഉണ്ടാകുന്നതല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും പക്ഷേ, അതനുസരിച്ച് സിനിമകള്‍ പുറത്തിറക്കാന്‍ സാധിക്കാത്തത് തന്റെ കുറ്റമല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാര്‍ ആണ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment