കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരേ കേസെടുത്തു

കോഴിക്കോട്: കോഴ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയ കോഴിക്കോട് സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ രാഘവനെതിരെ കേസെടുത്തു. അഴിമതി നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഘവനെതിരെ കേസെടുത്തത്. രാഘവനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ടി.വി9 ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

വ്യവസായ സംരംഭകരെന്ന വ്യാജേന സമീപിച്ച ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് എം.കെ രാഘവന്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തപ്പോള്‍ അത് തന്റെ ഡല്‍ഹി ഓഫീസില്‍ ഏല്‍പ്പിക്കാനാണ് രാഘവന്‍ പറയുന്നത്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മദ്യം വാങ്ങുന്നതിന് ഉള്‍പ്പെടെ 20 കോടി രൂപ ചെലവഴിച്ചുവെന്നും രാഘവന്‍ വെളിപ്പെടുത്തുന്നുണ്ട്.

ഡല്‍ഹിയിലെ ഓഫീസില്‍ പണമായി തന്നെ അഞ്ച് കോടി രൂപ ഏല്‍പ്പിക്കണമെന്നാണ് രാഘവന്‍ ആവശ്യപ്പെടുന്നത്. ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണെന്ന് സമ്മതിച്ച രാഘവന്‍ എന്നാല്‍ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തുവെന്നാണ് വാദിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയത്.

pathram:
Leave a Comment