വിജയിച്ചാല്‍ 100 ദിവസത്തിനുള്ളില്‍ കാലടിയിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണും; എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കാലടിയെ അവഗണിച്ചുവെന്നും എ.എന്‍. രാധാകൃഷ്ണന്‍

ചാലക്കുടി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നിമിഷത്തിലേക്ക് കടക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.എന്‍. രാധാകൃഷ്ണന് സ്വീകാര്യതയേറുന്നു. ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാണ്. ബിജെപി നേതാക്കള്‍ പ്രതീക്ഷിച്ചതിനേക്കാളും ജനപിന്തുണയാണ് എഎന്‍ആറിന് ലഭിക്കുന്നത്. സിറ്റിങ് എംപിയായ ഇന്നസെന്റിനോടുള്ള ജനങ്ങളുടെ അതൃപ്തി ഇത്തവണ എന്‍ഡിഎക്ക് ഏറെ ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കാലടിയിലെ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് പറഞ്ഞു. കാലടി പാലത്തിന് സമാന്തരമായി പാലം നിര്‍മ്മിക്കുക എന്നത് വര്‍ഷങ്ങളായുള്ള പരിസരവാസികളുടെ ആവശ്യമാണ്. ഇതുവരെ നടപ്പായിട്ടില്ല. അതിന്റെ കാരണം യുഡിഎഫ് എല്‍ ഡിഎഫ് സര്‍ക്കാരുകളുടെ സ്വാര്‍ത്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി മണ്ഡലത്തില്‍ പര്യടനം നടത്തി സംസാരിക്കുകയായിരന്നു അദ്ദേഹം.

കൊച്ചി നഗരത്തിന്റെ തന്നെ ഭാഗമായ കാലടിയെ എല്ലാവരും അവഗണിക്കുകയാണ്. ഗതാഗത കുരുക്ക് എംസി റോഡില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു.

അങ്കമാലി-ശബരി റെയില്‍പാത സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് നടപ്പാവാതിരുന്നത്. അടുത്ത ബിജെപി സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യമാക്കി നരേന്ദ്ര മോദിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി പാവപ്പെട്ടവനും പിന്നോക്ക സമുദായത്തില്‍ നിന്നുള്ള ആളുമായതിനാല്‍ എല്‍ഡിഎഫിനും യുഡിഎഫിനും അന്തമായ മോദി വിരോധമാണ്. ഇക്കാരണത്താല്‍ വീടില്ലാത്തവര്‍ക്ക് വീടു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു.

ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തിയിരുന്നു.

pathram:
Leave a Comment