കൊച്ചി: കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പടുത്തി സംസ്ഥാന വ്യാപകമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്നത് നിശബ്ദ പ്രചരണം. കെ.എം മാണിയുടെ സംസ്‌കാരം നടക്കുന്ന നാളെ പ്രചാരണ പരിപാടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. മറ്റ് സ്ഥാനാര്‍ത്ഥികളും ഏതാണ്ട് നിശബ്ദ പ്രചാരണത്തിലാണ്.
അത്യന്തം ആവേശം വിതറി മുന്നോട്ട് പോയിക്കൊണ്ടിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം കെഎം മാണിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മന്ദഗതിയിലായിരിക്കുകയാണ്. ശബ്ദ കോലാഹങ്ങളൊഴിവാക്കി വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികള്‍ നടത്തുന്നത് .ചര്‍ച്ചയും തെരെഞ്ഞെുപ്പ് യോഗങ്ങളുമായി പല സ്ഥാനാര്‍ത്ഥികളും പരസ്യപ്രചാരണം ഇന്ന് ഒഴിവാക്കി. കാസര്‍ഗോഡ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തി. അമിത് ഷ വയനാടിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് മറുപടി നില്‍കാനായിരുന്നു ഇത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലത്തൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തി. ചില കേന്ദ്രങ്ങളില്‍ ചെറു പ്രസംഗത്തിലൊതുക്കിയായിരുന്നു ചെന്നിത്തലയുടെ പ്രചാരണം. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പ്രചാരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. കോട്ടയത്ത് എല്ലാ മുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍ കെഎം മാണിയോടുള്ള ആദര സൂചകമായി പ്രചാരണം നിര്‍ത്തിവെച്ചു.
Leave a Comment