കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് ജയം

ചെന്നൈ : ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് ജയം 22 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങ് തുടങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ചെന്നൈയുടെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പഞ്ചാബ് ബാറ്റിങ്ങ് നിരയ്ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് തോല്‍വിയുടെ മുഖ്യകാരണം.
രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി ക്രിസ് ഗെയിലും (5) മായങ്ക് അഗര്‍വാളും (0). രണ്ടു വിക്കറ്റും ഹര്‍ഭജന്‍ സിങ്ങിന്. പിന്നീട് ക്രീസില്‍ ചേര്‍ന്ന സര്‍ഫറാസ് ഖാനും കെ.എല്‍. രാഹുലും വിക്കറ്റ് നഷ്ടപ്പെടാത കളിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗതയില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് 110 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പക്ഷേ, അപ്പോഴേക്കും പഞ്ചാബിന് നേടാനുള്ള റണ്‍സ് വര്‍ധിക്കുകയും പന്തുകള്‍ കുറയുകയും ചെയ്തു. ഏകദിന മല്‍സരമല്ല, ട്വന്റി–20 ആണെന്ന ഓര്‍മ ബാറ്റ്‌സ്മാന്‍മാര്‍ക്കും വേണമായിരുന്നു. സര്‍ഫറാസും രാഹുലും പതിഞ്ഞ താളത്തിലാണ് കളിച്ചത്. അവസാന ഓവറുകളില്‍ പഞ്ചാബിന് കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല.

47 പന്തില്‍ 55 റണ്‍സ് നേടിയ കെ.എല്‍. രാഹുലിനെയും 59 പന്തില്‍ 67 റണ്‍സെടുത്ത സര്‍ഫറാസിനെയും സ്‌കോട്ട് കുഗ്ലിന്‍ പുറത്താക്കി. ആറു റണ്‍സെടുത്ത മില്ലറിനെ ചാഹറും ഔട്ടാക്കി. കുഗ്ലിന്‍ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. നേടാന്‍ സാധിച്ചത് കേവലം മൂന്നു റണ്‍സും. ഫലം ജയം ചെന്നൈയ്ക്ക്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി ഹര്‍ഭജന്‍ സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും രവീന്ദ്ര ജഡേജയും ഇമ്രാന്‍ താഹിറും ചെന്നൈയ്ക്കായി മികച്ച രീതിയില്‍ ബോള്‍ ചെയ്തു.നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു. ഓപ്പണര്‍ ഡുപ്ലെസിസിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്. 38 പന്തില്‍ നാല് സിക്‌സും രണ്ടും ഫോറും ഉള്‍പ്പെട്ടതായിരുന്നു ഡുപ്ലെസിസിന്റെ ഇന്നിങ്ങ്‌സ്. ഷെയ്ന്‍ വാട്‌സണ്‍ 26 റണ്‍സ് നേടി. സുരേഷ് റെയ്‌ന (17), എം.എസ്. ധോണി (37), അമ്പാട്ടി റായിഡു (21) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍. നാലു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടതാണ് ധോണിയുടെ ഇന്നിങ്‌സ്.

പഞ്ചാബിനായി ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു അശ്വിന്റെ നേട്ടം. തൊട്ടടുത്ത പന്തുകളില്‍ ഡുപ്ലെസിസിനെയും സുരേഷ് റെയ്‌നയെയും പുറത്താക്കി അശ്വിന്‍ ചെന്നൈയെ ഞെട്ടിച്ചു. പിന്നീട് ക്രീസിലെത്തിയ ധോണിയും റായിഡുവും ചേര്‍ന്നാണ് സ്‌കോര്‍ 150 കടത്തിയത്.

മൂന്നു മാറ്റങ്ങളുമായാണ് ചൈന്നൈ ഇറങ്ങിയത്. പരുക്കിന്റെ പിടിയിലായ ബ്രാവോ ടീമില്‍ ഇല്ല. മോഹിത് ശര്‍മയെയും ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെയും പുറത്തിരുത്തി. ന്യൂസിലന്‍ഡിന്റെ ഓള്‍ റൗണ്ടര്‍ സ്‌കോട്ട് കുഗ്ലിന്‍ ആദ്യ ഐപിഎല്‍ മല്‍സരത്തിന് ഇറങ്ങി. ഡുപ്ലെസിസും ഹര്‍ഭജന്‍ സിങ്ങും ടീമില്‍ ഇടം നേടി. രണ്ടു മാറ്റങ്ങളാണ് പഞ്ചാബ് ടീമില്‍ ഉണ്ടായിരുന്നത്. സൂപ്പര്‍ താരം ക്രിസ് ഗെയിലും ആന്‍ഡ്രൂ ടൈയും ടീമില്‍ തിരിച്ചെത്തി. മുജീബ് ഉര്‍ റഹ്മാന്‍, ഹാര്‍ഡസ് വില്‍ജോണ്‍ എന്നിവരെ പുറത്തിരുത്തി.

pathram:
Related Post
Leave a Comment