അമ്മയുടെ സുഹൃത്തില്‍നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്‍ മരിച്ചു

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരിച്ചു. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ എട്ടുദിവസങ്ങളായി ആശുപത്രിയിലെ ഡോക്ടര്‍മാരും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരും ഏഴുവയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയായിരുന്നു.

10 ദിവസം മുമ്പാണ് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറോളം വൈകിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ മുതല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

ചികിത്സ തുടരവേ അല്‍പം മുമ്പ് കുട്ടിയുടെ രക്തസമ്മര്‍ദ്ദം അപകടമാം വിധം താഴുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമങ്ങളും മരുന്നുകളും ഫലിക്കാതെ വരികയായിരുന്നു. കുട്ടി ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷകള്‍ ചികിത്സക്കിടെ ചിലപ്പോഴൊക്കെ കുട്ടി പ്രകടിപ്പിച്ചിരുന്നു. മരുന്നുകളോടും ഭക്ഷണത്തിനോടും അനുകൂലമായ പ്രതികരണങ്ങള്‍ കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായത് പ്രതീക്ഷ നല്‍കിയിരുന്നു. ഇതാണ് ഇത്രയും ദിവസം ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

നാലുദിവസം മുമ്പെ മസ്തിഷ്‌ക മരണം സംഭവിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയെന്ന് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഏഴുവയസുകാരന്‍ ആയിരുന്നതിനാല്‍ അത്ഭുതങ്ങള്‍ സംഭവിച്ച് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധ്യതയുള്ളതിനാലാണ് ഏറ്റവും മികച്ച ചികിത്സ നല്‍കിയത്.

കുട്ടിയെ മര്‍ദ്ദിച്ച പ്രതി അരുണ്‍ ആനന്ദിനെ തൊട്ടടുത്ത ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുണിന്റെ ചവിട്ടേറ്റ് ഭിത്തിയില്‍ തലയടിച്ച വീണാണ് കുട്ടി ബോധരഹിതനായത്. ഈ ആഘാതത്തില്‍ തലയോട്ടിയില്‍ വലിയ വിള്ളലുണ്ടാകുകയും തലച്ചോറില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തലയില്‍ അമിത രക്തസ്രാവമുണ്ടായി തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന സാഹചര്യങ്ങളുമുണ്ടായി. ഓരോ ദിവസവും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നതിനിടെ അല്‍പം മുമ്പാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇതോടെ പ്രതി അരുണ്‍ ആനന്ദനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.

വെന്റിലേറ്ററില്‍ തുടരവേ തന്നെകുട്ടിയുടെ ഹൃയമിടിപ്പ് നിലച്ചുവെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശ്രീകുമാര്‍. ഹൃദയമിടിപ്പ് നിലച്ചതിനെ തുടര്‍ന്ന് നടപടികള്‍ക്കായി പോലീസിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് കീഴടങ്ങിയത് ചികിത്സ തുടങ്ങി ഏട്ടാം ദിവസമായിരുന്നു. ഇത്രയും ദിവസം മരുന്നുകളുടെ സഹായത്തോടെയാണ് ഹൃയമിടിപ്പും രക്തസമ്മര്‍ദ്ദവും നിലനിര്‍ത്തിയിരുന്നത്. ഇപ്പോള്‍ മരുന്നുകളോടുപോലും പ്രതികരിക്കാത്ത സാഹചര്യമുണ്ടായി. ഹൃദയമിടിപ്പ് ക്രമാതീമായി താഴുകയും 11.30 ഓടെ പൂര്‍ണമായും നിലയ്ക്കുകയും ചെയ്യുകയായിരുന്നു. 11.35 ന് ഇസിജി എടുത്ത് മരണം സ്ഥിരീകരിച്ചതായും ഡോക്ടര്‍ പറഞ്ഞു.

pathram:
Leave a Comment