കൊച്ചി: എറണാകുളം, വയനാട് ലോക്‌സഭ മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍. തന്റെ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്ന് സരിത പ്രതികരിച്ചു. പത്രിക തള്ളിയതിനെതിരെ അപ്പീല്‍ നല്‍കും എന്ന് പറഞ്ഞ സരിത ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും എന്നും അറിയിച്ചു. പത്രിക തള്ളിയത് നല്ലതാണ് എന്നാണ് കരുതുന്നത് എനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഒരു അവസരമാണ് അത് ഒരുക്കുന്നത് എന്ന് സരിത പ്രതികരിച്ചു.
ഇന്ന് തന്നെ തന്റെ റിട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് സരിത പറഞ്ഞു. തനിക്കെതിരെ ശിക്ഷകള്‍ നിലവിലുണ്ട് എന്ന കാരണം പറഞ്ഞാണ് തന്റെ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത് എന്നാണ് പറയുന്നത്. പക്ഷെ ഇതിന് വേണ്ട രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്ന് സരിത പറയുന്നു.
താന്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാല്‍ എന്റെ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നിട്ടുണ്ടെന്ന് സരിത പറയുന്നു. വരണാധികാരി ആവശ്യപ്പെട്ട രേഖകള്‍ മൂവാറ്റുപുഴ കോടതിയില്‍ നിന്നും, കേരള ഹൈക്കോടതിയില്‍ നിന്നും ഹാജറാക്കി. എന്നിട്ടും പത്രിക തള്ളിയത് അനീതിയാണ്. പല നേതാക്കന്മാരും മത്സരിക്കാന്‍ ഹാജറാക്കിയ രേഖകള്‍ തന്നെയാണ് താനും സമര്‍പ്പിച്ചത് എന്ന് സരിത എസ് നായര്‍ പറയുന്നു.
നേരത്തെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നല്‍കിയ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എറണാകുളത്തും വയനാട്ടില്‍ മത്സരിക്കുന്നതെന്നായിരുന്നു സരിത എസ് നായര്‍ പറഞ്ഞിരുന്നത്.
Leave a Comment