ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വയനാട്ടില്‍; രണ്ടാമത് ആറ്റിങ്ങല്‍; കുറച്ചുപേര്‍ ഇടുക്കിയില്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവരില്‍ രണ്ടുപേര്‍ രാഹുല്‍ ഗാന്ധിയുടെ അപരന്മാരാണ്. 22 സ്ഥാനാര്‍ഥികളാണ് വയനാട്ടിലുള്ളത്.

21 സ്ഥാനാര്‍ഥികളുമായി ആറ്റിങ്ങല്‍ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് സ്ഥാനാര്‍ഥികളുള്ള ഇടുക്കിയിലാണ് ഏറ്റവും കുറച്ചുപേര്‍ മത്സരിക്കുന്നത്. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ഇടുക്കിയിലെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ പത്രിക സ്വീകരിക്കുന്നതിനെ ബിജെപി എതിര്‍ത്തു. തര്‍ക്കത്തിനൊടുവില്‍ വരണാധികാരി പത്രിക സ്വീകരിച്ചു. ഇതിനെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്.

തൃശൂരില്‍ രണ്ട് സ്വതന്ത്രരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. എറണാകുളത്തും വയനാട്ടിലും സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ എസ്.നായരുടെ പത്രികയെ സംബന്ധിച്ച തീരുമാനമെടുക്കന്നത് നാളത്തേക്ക് മാറ്റി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും മേല്‍കോടതി ശിക്ഷ സ്റ്റേ ചെയ്യുകയുമുണ്ടായിരുന്നു. ഇതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിട്ടില്ല. നാളെ രാവിലെ 10.30-നകം ശരിയായ രേഖകള്‍ ഹാജരാക്കാന്‍ വരാണധികാരി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി. ഇതുകഴിഞ്ഞാകും ഓരോ മണ്ഡലത്തിലും എത്ര സ്ഥാനാര്‍ഥികളുണ്ടെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകുക.

pathram:
Related Post
Leave a Comment