രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും..!!! കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുന്നു.

‘ഞങ്ങള്‍ നടപ്പിലാക്കും’ (ഹം നിഭായേംഗേ) എന്ന ടാഗ് ലൈനോടുകൂടിയാണ് മാനിഫെസ്‌റ്റോ പുറത്തിറക്കിയിരിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനമുണ്ട്. കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രിക പറയുന്നു. വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും പ്രകടനപത്രികയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ന്യായ് ആയിരിക്കും പ്രധാന പദ്ധതി. പാവപ്പെട്ടവര്‍ക്കായി 72,000 രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പദ്ധതി അധികാരത്തില്‍ വന്നാല്‍ ഉടന്‍ നടപ്പാക്കും.

ഗബ്ബര്‍സിങ് ടാക്‌സിനു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. ജനങ്ങളുടെ അഭിലാഷങ്ങളാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും പ്രകടപത്രികയിലെ ഒരു വാക്കുപോലും നടപ്പാക്കാതിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 33 ശതമാനം സംവരണം നിയമസഭയില്‍ ലോക്‌സഭയിലും നല്‍കുന്ന നിയമം പാസ്സാക്കുമെന്നും സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി മോദി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതായാണ് ദക്ഷിണേന്ത്യന്‍ ജനതയ്ക്ക് അനുഭവപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ വര്‍ഗീയത പടര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു. ഇക്കാരണത്താല്‍ അവരോടൊപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാക്കാനാണ് താന്‍ കേരളത്തില്‍ മത്സരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

pathram:
Related Post
Leave a Comment