കേരള ബാങ്കിനുള്ള അപേക്ഷ ഇന്ന് നല്‍കും; മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉള്‍പ്പെടുത്തിയില്ല

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അപേക്ഷനല്‍കും. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കേരള ബാങ്കിന്റെ അന്തിമാനുമതിക്കായി 19 ഉപാധികളാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനുമുന്നില്‍വെച്ചത്. ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം നബാര്‍ഡ് വഴി റിസര്‍വ് ബാങ്കിന് അപേക്ഷനല്‍കാനായിരുന്നു നിര്‍ദേശം.

ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളുടെ പൊതുയോഗവും ലയനത്തിന് അനുകൂല തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച്, ലയനത്തെ അനുകൂലിക്കുന്ന ജില്ലാ ബാങ്കുകളും സര്‍ക്കാരും സംസ്ഥാന സഹകരണ ബാങ്കും തമ്മില്‍ കഴിഞ്ഞദിവസം ധാരണാപത്രം ഒപ്പിട്ടു. 19 ഉപാധികളില്‍ ധാരണാപത്രം ഒപ്പുവെക്കുന്നത് മാത്രമായിരുന്നു സര്‍ക്കാരിന് പാലിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതുകൂടി പൂര്‍ത്തിയായതോടെയാണ് നബാര്‍ഡിന് അപേക്ഷനല്‍കുന്നത്.

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച 19 ഉപാധികളില്‍ ഏകീകൃത കോര്‍ബാങ്കിങ് സംവിധാനം പൂര്‍ത്തിയായിട്ടില്ല. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞെന്നും ഉടന്‍ കോര്‍ബാങ്കിങ് നിലവില്‍വരുമെന്നും സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. കോര്‍ബാങ്കിങ് ഇല്ലെങ്കിലും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന സംസ്ഥാനജില്ലാ ബാങ്കുകളുടെ ഏകീകൃത ബാലന്‍സ് ഷീറ്റ് തയ്യാറാക്കാനാകും. ഈ ബാലന്‍സ് ഷീറ്റും റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്.

മലപ്പുറം ജില്ലാ ബാങ്കിനെയും കേരള ബാങ്കിനൊപ്പം ചേര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് യു.ഡി.എഫുമായി രാഷ്ട്രീയ സമന്വയമുണ്ടാക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായാല്‍ മലപ്പുറത്തിനുവേണ്ടി വീണ്ടും പ്രത്യേക പൊതുയോഗം വിളിക്കാനാണ് സാധ്യത. ഇതില്‍ സംസ്ഥാന ബാങ്കുമായി ലയിക്കാനുള്ള പ്രമേയം അംഗീകരിപ്പിക്കാനായാല്‍ മലപ്പുറവും കേരള ബാങ്കിന്റെ ഭാഗമാകും. ഇല്ലെങ്കില്‍ മലപ്പുറത്തിന്റെ നിലനില്‍പ്പ് നിയമതര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കും.

സഹകരണ വായ്പാമേഖല രണ്ടുതട്ടിലേക്ക് മാറ്റുന്നതാണ് കേരള ബാങ്ക് രൂപവ്തകരണത്തിലൂടെ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായില്ലെങ്കില്‍ സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കും. 13 ജില്ലകളില്‍ കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും എന്ന ക്രമത്തിലും മലപ്പുറത്ത് ഇവയ്ക്ക് രണ്ടിനുമിടയിലായി മലപ്പുറം ജില്ലാ ബാങ്കുമുണ്ടാകും. മലപ്പുറം ഇല്ലാതെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെങ്കില്‍ യു.ഡി.എഫിന്റെ എതിര്‍പ്പിന് അടിസ്ഥാനമുണ്ടാവില്ല. അതിനാല്‍, സഹകരണ മേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് രാഷ്ട്രീയസമവായം ഉണ്ടാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

pathram:
Leave a Comment