ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറക്കി. സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ പുറത്തിറക്കി എന്ന പ്രതേയകതയും സിപിഎം പ്രകടന പത്രികയ്ക്കുണ്ട്.. ഭിന്നശേഷിക്കാര്‍ക്കായാണ് ശബ്ദ രേഖ പുറത്തിറക്കിയത്.
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും തുടങ്ങി പതിനഞ്ച് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്.
രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം നല്‍കും. വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കുമെന്നും സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് എന്ന ആമുഖത്തോടെയാണ് സിപിഎമ്മിന്റെ പ്രകടന പത്രിക തുടങ്ങുന്നത്. സിപിഎം കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ടു വെച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍, കര്‍ഷക സമരങ്ങള്‍ തുടങ്ങിവയില്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയത്.
പ്രധാന വാഗ്ദാനങ്ങള്‍
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വ്യക്തിക്ക് 7 കിലോ ഭക്ഷ്യ ധാന്യം രണ്ട് രൂപയ്ക്ക് ഉറപ്പു വരുത്തും. അല്ലെങ്കില്‍ ഒരു കുടുംബത്തിന് 35 കിലോ അരി നല്‍കും .
ആരോഗ്യ സുരക്ഷാ അവകാശമാക്കി മാറ്റും.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കും.
കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും.
വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കും.
എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പു വരുത്തും.
ഡിജിറ്റല്‍ മേഖലയെ പൊതു ഇടമായി കണക്കാക്കും. ഈ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കും.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും റിസര്‍വേഷന്‍ ഉറപ്പാക്കും.
സ്ത്രീ സംവരണ ബില്‍ നടപ്പാക്കും.
നിര്‍ണ്ണായക പദവികളില്‍ ആര്‍എസ് എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും.
Leave a Comment