തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും; എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ല

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും. വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നും തുഷാര്‍ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ മാറ്റുമോ എന്നകാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നകാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ എത്തിയാല്‍ ശക്തനായ എതിര്‍സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തുഷാര്‍ ഇക്കാര്യം പറഞ്ഞത്.

എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎയുടെ സീറ്റ് വിഭജനത്തിനിടെ വയനാട് സീറ്റ് ബിഡിജെഎസിന് നല്‍കിയിരുന്നു. എന്നാല്‍, വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ഗാന്ധി എത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മണ്ഡലത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. ഇതോടെയാണ് രാഹുലിനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ ബിജെപി രംഗത്തിറക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം ഇനിയും വന്നിട്ടില്ല.

pathram:
Related Post
Leave a Comment