ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ പിന്നെ കണ്ടിട്ടില്ല..!!! മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജും

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജ് എംഎല്‍എയും. മത്സരിക്കാനൊരുങ്ങിയ തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്‍മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പി സി ജോര്‍ജ് പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീടിവരെ കണ്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. 26ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്നണിയില്‍ ചേര്‍ക്കണമെന്ന കത്ത് നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞു. വൈസ് ചെയര്‍മാന്‍മാരായ ഇ.കെ. ഹസന്‍കുട്ടി, ഭാസ്‌കരപിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നേരത്തെ വീണ ജോര്‍ജിനെ ഇടതുപക്ഷം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴാണ് വീണ ജോര്‍ജല്ല, വീഴാത്ത ജോര്‍ജിനെയാണ് ആവശ്യമെന്നും താനും പത്തനംതിട്ടയില്‍ മത്സരിക്കാനുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞത്. എന്നാല്‍ പിന്നീട് മത്സരിക്കുന്നതില്‍ നിന്നും ജോര്‍ജ് പിന്‍മാറിയിരുന്നു.

pathram:
Related Post
Leave a Comment