ആലപ്പുഴ: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ്രതിനിധിയായ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയത്.
ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെയാണ് പരാതിക്കാരന്‍ നല്‍കിയ കത്ത് പുറത്തുവന്നത്. ഈ കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
തന്റെ ഭാര്യയുമായി സി.പി.എം. നേതാവിന് ഒന്നരവര്‍ഷമായി അവിഹിതബന്ധമുണ്ടെന്ന് സൂചനയുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് പരാതിക്കാരന്റെ കത്ത് ആരംഭിക്കുന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോള്‍ ഇത് സ്ഥിരീകരിക്കുന്നവിധം ഭാര്യയും നേതാവും ഇടപഴകുന്ന ചില കാഴ്ചകള്‍ കണ്ടെന്നും പാര്‍ട്ടി വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടി ന്യായത്തിന്റെ പക്ഷത്ത് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
മാര്‍ച്ച് 17നാണ് ജനപ്രതിനിധിയായ യുവതിയുടെ ഭര്‍ത്താവ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച ജില്ലാ നേതാക്കള്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രതികരിച്ചത്. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരമാണ് പരാതിക്ക് കാരണമെന്നായിരുന്നു ആരോപണവിധേയനായ നേതാവിന്റെ പ്രതികരണം.
Leave a Comment